കിഴവനും സ്വപ്നഭൂമിയും



വഴിയോരം. നട്ടുച്ച നേരം. ഉലയില്‍ കത്തുന്ന കനല്‍ പോലെ വെയില്‍. പോരാത്തതിന് ശൂന്യതയില്‍ പുതഞ്ഞുപോയ കാലുകള്‍ ഏന്തിവലിച്ചു് ഇത്രയും ദൂരം നടന്ന് നന്നേ ക്ഷീണിതനും. കിഴവന്‍ വഴിത്തിണ്ണയില്‍ തളര്‍ന്നിരുന്നു. മുന്നിലും പിന്നിലും ഒരു ദുഃസ്സ്വപ്നം പോലെ നാലുവരിപ്പാത നീണ്ടു കിടക്കുന്നു. അറ്റമില്ലാതെ, ആകാശം പോലെ.
വഴിമരങ്ങള്‍ കാതോര്‍ത്തിരിയ്ക്കുന്നു. ദൂരെനിന്നും യന്ത്രമൈനകളുടെ പാട്ടുകേള്‍ക്കുന്നുണ്ട്. സ്വപ്നഭൂമിയെക്കുറിച്ചുള്ള പാട്ട്. കിഴവന്റെ ഒരു കാലിന് എപ്പോഴും ശരീരത്തിനു ചേരാത്തത്ര വണ്ണമുണ്ടായിരുന്നു. സ്ഥായിയായ ഒന്നായിരുന്നില്ല അത്. ചിലപ്പോള്‍ ഇടത്തുകാലിന്. മറ്റു ചിലപ്പോള്‍ വലത്തുകാലിന്. വളര്‍ച്ച ഒരു കാലില്‍നിന്നും മറുകാലിലേയ്ക്ക് പകര്‍ന്നാടുന്നു. ഒരുപക്ഷേ ശരീത്തേക്കാള്‍ത്തന്നെ വലുതായി വരുന്ന കാലുകള്‍ അയാളുടെ ശ്രദ്ധയില്‍ പെട്ടിരുന്നോ എന്നതുതന്നെ സംശയമാണ്. ഭാരം ഏതു കാലിനെന്നത് അയാളെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രസക്തവുമായിരുന്നുവല്ലോ.
പാതയിലൂടെ യന്ത്രങ്ങള്‍ നിരതെറ്റാതെ പാഞ്ഞു പോകുന്നുണ്ട്. നിരനിരയായി കുതിച്ചു പുകകുത്തിയൊഴുകുന്ന യന്ത്രനിരകളെ നോക്കി കിഴവന്‍ നെടുവീര്‍പ്പിട്ടു. യന്ത്രങ്ങള്‍ക്കുള്ളില്‍ അവര്‍ തങ്ങളുടെ കൂര്‍ത്ത കൊക്കുകള്‍ ഒളിപ്പിച്ചു വച്ചിരുന്നു. അവരുടെ ബലിഷ്ഠമായ ചുമലില്‍ കുട പോലെ കറുത്ത ചിറകുകള്‍ വിരിച്ചിരുന്നു.
തന്നെ മാത്രം വഹിയ്ക്കുവാന്‍ ഒരു യന്ത്രവുമില്ലെന്നോര്‍ത്ത് കിഴവന്‍ വിഷണ്ണനായി. സംവത്സരങ്ങളില്‍ നിന്നും സംവത്സരങ്ങളിലേയ്ക്കു പടര്‍ന്നു കയറിയ യാത്ര! സ്വപ്നഭൂമി തേടിയുള്ള അയാളുടെ യാത്രയില്‍ ഏറെ ദൂരം നടന്ന്, വല്ലാതെ കിതച്ച്, സംവത്സരങ്ങള്‍ കടന്ന് ഇപ്പോള്‍ ഈ നാലുവരിപ്പാതയുടെ മുന്നില്‍ പാരവശ്യം പൂണ്ടിരിയ്ക്കുന്നു. പലപ്പോഴും സ്വപ്നഭൂമി എന്നൊന്നുണ്ടോ എന്നുതന്നെ അയാള്‍ സംശയിയ്ക്കുന്നു.
പാഞ്ഞുപോകുന്ന യന്ത്രസമൂഹത്തിനുമപ്പുറം മുന്നില്‍ ചക്രവാളം നിഴല്‍ വിരിച്ചു നില്ക്കുന്നു.
ദൂരെനിന്നും ആക്രോശങ്ങള്‍ കേള്‍ക്കുന്നുണ്ട്.
നാളെനാളെയെന്ന വാഗ്ദാനഘോഷങ്ങള്‍.
ആരവങ്ങളടങ്ങുന്നില്ല.
ആരവങ്ങള്‍ക്കുമപ്പുറം, ആക്രോശങ്ങള്‍ക്കുമപ്പുറം, സ്വപ്നഭൂമിയിലേയ്ക്ക് ഇനിയും ദൂരമേറെയുണ്ട്. എങ്കിലും സ്വപ്നഭൂമിയേക്കുറിച്ചുള്ള ചിന്ത തന്നെ കിഴവനെ ഉന്മത്തനാക്കുവാന്‍ പോന്നതായിരുന്നു. മതമില്ലാത്ത, ഉച്ചനീചത്വങ്ങളില്ലാത്ത, മണ്ണും ജലവും വായുവും വെളിച്ചവുമൊന്നും ആരും കുത്തകയാക്കി വച്ചിട്ടില്ലാത്ത ആ സ്വപ്നഭൂമി ഒരുപക്ഷേ ഇതുവരെയും ആരും കണ്ടിട്ടില്ലായിരിയ്ക്കുമോ?

കിഴവന്‍ മെല്ലെ എഴുന്നേറ്റ് നടന്നു. തെല്ലു ദൂരം നടന്നപ്പോള്‍ നോക്കുകുത്തി പോലെ ഒരു വഴിമരം നില്ക്കുന്നതു കണ്ടു. അതിന്റെ കോണ്‍ക്രീറ്റ് ചില്ലകളില്‍ നിന്നും പ്ലാസ്റ്റിക്ക് ഇലകളും പൂക്കളും ഉലഞ്ഞു നിന്നു.

തെല്ലൊരു ശങ്കയോടെ കിഴവന്‍ വഴിമരത്തോടു ചോദിച്ചു.

"വഴിമരമേ, വഴിമരമേ, ഇതുവഴി പോയാല്‍ സ്വപ്നഭൂമിയിലേയ്ക്കെത്താമോ?"

വഴിമരം തന്റെ കോണ്‍ക്രീറ്റ് ചില്ലകളിളക്കി. തലയാട്ടുക മാത്രം ചെയ്തു. ദൂരെയെന്നും, അരികെയെന്നും പറഞ്ഞില്ല.

അയാള്‍ വീണ്ടും നടത്തത്തിന് വേഗത കൂട്ടി. ശുന്യതയില്‍ പുതഞ്ഞുപോയ കാലുകള്‍ പറിച്ചെടുത്ത് വല്ലാതെ കഷ്ടപ്പെട്ടു അയാള്‍.

ശ്വാസം കുറുകുന്നു. കാല്‍ കഴയ്ക്കുന്നു.
അങ്ങനെ എത്ര ദൂരമെന്നറിയില്ല, പിന്നെയും വഴിയോരത്ത് തളര്‍ന്നുവീണ് മയക്കത്തിലേയ്ക്ക് ആണ്ടുപോയി കിഴവന്‍.
മയക്കത്തില്‍ അയാള്‍ അമ്മയെ സ്വപ്നം കണ്ടു. അമ്മയെ ആരൊക്കെയോ ചേര്‍ന്ന് വെറും നിലത്ത് കിടത്തിയിരിയ്ക്കയാണ്.
അമ്മയെന്നത് കേവലം ഒരു വസ്തു മാത്രമാകുന്നു. ഇരിയ്ക്കാന്‍ സ്ഥലം ആവശ്യമുള്ള മറ്റേതൊരു ഖരവസ്തുവിനേയും പോലെത്തന്നെ വ്യാപ്തവും വിസ്തീര്‍ണ്ണവുമുള്ളത്. അളവുകളും തൂക്കവും വിപണന സാദ്ധ്യതകളുമെല്ലാം വിലയിരുത്തപ്പെടാവുന്നത്.
ഒരു കുട്ട മാംസം.
ഒരു വീപ്പ രക്തം.
ഒരു കൊച്ചു ശ്വാസകോശം.
പിന്നെയും ഏറെയുണ്ട്.
മാംസവും രക്തവും ശ്വാസകോശവുമൊക്കെ വില്പനയ്ക്കായി വച്ചിരിയ്ക്കുന്നു. ലേലം കൊള്ളുവാന്‍ അവരെത്തിയിട്ടുണ്ട്. അവര്‍ ലേലവസ്തുവിനുചുറ്റും വട്ടമിട്ടു നിന്നു. അവര്‍ക്ക് കൂര്‍ത്ത നഖങ്ങളും കറുത്ത കൊക്കുകളുമുണ്ടായിരുന്നു. അവരുടെ ബലിഷ്ഠമായ ചുമലുകളില്‍ വൃത്തിഹീനമായ കറുത്ത ചിറകുകള്‍ കുട പോലെ വിരിഞ്ഞു നിന്നിരുന്നു.
വിശകലനങ്ങളും വിലയിരുത്തലും തുടരുകയാണ്. അവര്‍ വ്യാപാരമൂല്യം കണക്കാക്കുകയാണ്. മാംസത്തിന്, രക്തത്തിന്, കരളിന്, കണ്ണിന്. എല്ലാറ്റിനും വില വെവ്വേറെ. എല്ലാറ്റിനും തറവിലയുണ്ട്, വെവ്വേറെത്തന്നെ.
ലേലം കൊഴുക്കുന്നു.
ലേലം ഉറപ്പിയ്ക്കാന്‍ പോകയാണ്.
ഒരു തരം, രണ്ടു തരം, മൂന്നു തരം...
തൊണ്ട വരളുന്നു. നാവു കുഴയുന്നു.
കൂര്‍ത്ത കൊക്കുകള്‍ നീണ്ടു നീണ്ടു വരുന്നു. കുടല്‍ നീക്കി, കരള്‍ കൊത്തി, ആമാശയവും അന്നനാളവും മാറ്റിമറിച്ചിട്ട്, ഓരോന്നിനും വ്യാപാര സാധ്യതകള്‍ ചിക്കിയും ചികഞ്ഞും അവര്‍ മുന്നേറി. കിഴവന്‍ എല്ലാം കാണുന്നുണ്ടായിരുന്നു, തികച്ചും നിര്‍വ്വികാരം. മരവിച്ച മനസ്സില്‍ നിന്നും വികാരങ്ങള്‍ മൃതമായ ഞരമ്പുകളിലേയ്ക്ക് പ്രവേശിയ്ക്കാതെ നിന്നിടത്തുതന്നെ ഒതുങ്ങിക്കൂടി.
ഉണര്‍ന്നപ്പോള്‍, അമ്മയില്ല. ചുറ്റും കൂടിനിന്നവരില്ല. കൂര്‍ത്ത കൊക്കുകളും കറുത്ത ചിറകുകളുമില്ല.
വാഹനങ്ങള്‍ നിര തെറ്റാതെ ഒഴുകുന്നു.
അല്പദൂരം കൂടി നടന്നപ്പോള്‍ വീണ്ടും യന്ത്രമൈനയുടെ പാട്ടു് കേള്‍ക്കായി. വാക്കുകള്‍ സ്ഥാനം തെറ്റിച്ച് അടുക്കിവച്ച ഒരു പാശ്ചാത്യ സംഗീതത്തിന്റെ ചുവയുള്ള ആ പാട്ടു കേട്ടിടത്തേയ്ക്ക് അയാള്‍ മെല്ലെ നടന്നു. അതെ, യന്ത്രമെനയോടു ചോദിയ്ക്കാം. യന്ത്രമൈനയ്ക്കറിയുമായിരിയ്ക്കാം ആ രഹസ്യവഴി.
"യന്ത്രമൈനേ, യന്ത്രമൈനേ, അറിയാമോ ആ സ്വപ്നഭൂമി എവിടെയെന്ന്?"
യന്ത്രമൈന തന്റെ ഓര്‍മ്മകളില്‍ ചിക്കിച്ചികഞ്ഞുകൊണ്ട് പറഞ്ഞു.
"ഇവിടെ നിന്നും അല്പം മുന്നോട്ടു നടക്കുക. ആല്‍മരം കാണാം. ശരണം വിളികള്‍ കേള്‍ക്കുന്നുണ്ടാകും. ചന്ദനത്തിരിയുടെ ധൂപവും ഗന്ധവുമുണ്ടായിരിയ്ക്കും. താങ്കള്‍ ദൈവത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ ?"
കിഴവന്‍ കൈമലര്‍ത്തി.
"സ്വാമിജിയ്ക്കറിയാം. സ്വാമിജി ദൈവത്തെ കണ്ടിട്ടുണ്ടത്രേ. ഏകാന്തതയില്‍ അദ്ദേഹം ദൈവത്തോട് സംവദിയ്ക്കാറുമുണ്ടത്രേ"
യന്ത്രമൈനയോട് നന്ദി പറഞ്ഞ് കിഴവന്‍ നടന്നു.
ആല്‍മരം കണ്ടു. തോരണങ്ങള്‍ കണ്ടു. വഴി നീളെ പുഷ്പങ്ങള്‍ വിതറിയിട്ട ആശ്രമത്തിലേയ്ക്കുള്ള വഴിയും കണ്ടു. ആശ്രമം അടുക്കുംതോറും നാമജപങ്ങള്‍ ഉയര്‍ന്നു കേട്ടു.
തിരശ്ശീലയ്ക്കുമുന്നില്‍, പീഢത്തില്‍ സ്വാമിജി ഇരിയ്ക്കുന്നു. മുഖത്ത് പുഞ്ചിരി, കണ്ണുകളില്‍ സാഗര ശാന്തത. ഉള്ളില്‍ ഒരു കടല്‍തന്നെ ഒളിപ്പിച്ചു വെച്ചിരിയ്ക്കാം.
അല്ലയോ വയോധികനായ പഥികാ, സ്വാഗതം...... "
സ്വാമിജി അയാളെ സ്വീകരിച്ചിരുത്തി.
"താങ്കള്‍ ഇത്രയും വൈകിയതെന്താണ്? ഞാന്‍ താങ്കളെത്തന്നെ കാത്തിരിയ്ക്കയായിരുന്നു.”
മൌനം വല്ലാതെ ഇഴഞ്ഞു നീങ്ങി.
"ഏതായാലും താങ്കള്‍ വന്നത് നന്നായി. താങ്കള്‍ വരാതെ ആ കര്‍മ്മം ഒരിയ്ക്കലും പൂര്‍ത്തിയാകുമായിരുന്നില്ല .”
വൃദ്ധന് ഒന്നും മനസ്സിലായില്ല.
തിരശ്ശിലയ്ക്കു പിറകില്‍ നിന്നും കറുത്ത കൊക്കുകളും കുടിലമായ നോട്ടങ്ങളും നീണ്ടു വരുന്നു.
പരിചിതമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നു.
അതേ ശബ്ദങ്ങള്‍.
ഒരു തരം രണ്ടു തരം മൂന്നു തരം.
ലേലം ഉറപ്പിയ്ക്കാന്‍ പോകയാണ്.
തിരശ്ശീല കാറ്റത്തുലഞ്ഞു. പിറകില്‍ അമ്മയുടെ മുഖം കണ്ടു. അമ്മയുടെ രൂപത്തെവെറും നിലത്തു കിടത്തിയിരിയ്ക്കുന്നു.
തിരശ്ശീല വകഞ്ഞുമാറ്റി അയാള്‍ കൊടുങ്കാറ്റുപോലെ അമ്മയുടെ അടുത്തേയ്ക്ക് പാഞ്ഞു.
അമ്മേ.....”
അയാള്‍ അമ്മയെ കെട്ടിപ്പിടിയ്ക്കാനാഞ്ഞു.
അമ്മയെവിടെ?
അമ്മയില്ല.
അമ്മ ഒരു കുട്ട മണ്ണാകുന്നു, ഒരു വീപ്പ വെള്ളമാകുന്നു, ഒരു ശ്വാസകോശം നിറച്ചും വായുവാകുന്നു.
അമ്മേ.....”
വൃദ്ധന്‍ അലറി. ദിഗന്തങ്ങള്‍ മുഴങ്ങുമാറുച്ചത്തില്‍, ദിക്കുകളിലൊക്കെ വിള്ളല്‍ വീഴുമാറുച്ചത്തില്‍.
കനം തൂങ്ങുന്ന കാലുകള്‍ വലിച്ചിഴച്ച് കിഴവന്‍ ഓടി.
പിറകില്‍ സ്വാമിജിയുടെ ചിരി ഏതോ ഗഹ്വരങ്ങളില്‍ നിന്നെന്നപോലെ മുഴങ്ങി.
നില്ക്കൂ, താങ്കളും ഈ ലേലത്തില്‍ ഭാഗഭാക്കാകേണ്ടിയിരിയ്ക്കുന്നു.”
അതെ, താങ്കളും വില പറയുക.
അമ്മയുടെ മാംസത്തിന്, രക്തത്തിന്, ശ്വാസത്തിന്.
കിഴവന്‍ വീണ്ടുമുണര്‍ന്നപ്പോള്‍, അന്തി മയങ്ങിയിരുന്നു. നാലുവരിപ്പാതയുടെ അറ്റത്ത് ഒരു ചോദ്യചിഹ്നം പോലെ ടോള്‍പ്ലാസ വെളിച്ചത്തില്‍ മുങ്ങി നില്ക്കുന്നു. അരികെ വാഹനങ്ങള്‍ തങ്ങളുടെ അക്ഷമയെ സൂചിപ്പിയ്ക്കുവാനായി വെളിച്ചത്തെ മുകളിലേയ്ക്കും താഴേയ്ക്കും പായിച്ചുകൊണ്ടിരുന്നു. ചില്ലുജാലകങ്ങള്‍ക്കിടയില്‍ നിന്നും കറുത്ത കൊക്കുകള്‍ പുറത്തേയ്ക്ക് നീണ്ടു. അവര്‍ തങ്ങളുടെ വൃത്തിഹീനമായ കറുത്ത ചിറകുകള്‍ കുട പോലെ പിടിച്ചിരിയ്ക്കുന്നത് നിയോണ്‍ ബള്‍ബുകളുടെ നേര്‍ത്ത വെളിച്ചത്തില്‍ കാണുന്നുണ്ടായിരുന്നു.
അതെ, അതവര്‍ തന്നെ. കിഴവന്‍ പിറുപിറുത്തു.
അവരുടെ കൊക്കുകളില്‍ കുരുങ്ങിക്കിടക്കുന്നത് സ്വാപ്നഭൂമിയിലേയ്ക്കുള്ള ടിക്കറ്റുകളായിരിയ്ക്കുമോ?
യാന്ത്രികമായ ചലനങ്ങളോടെ ദ്വാരപാലകന്‍ വാഹനങ്ങളെ നിയന്ത്രിയ്ക്കുന്നതും നോക്കി വൃദ്ധന്‍ ക്ഷമയോടെ നിന്നു. പിന്നെ ഭവ്യതയോടെ ശബ്ദം തെല്ലുയര്‍ത്തി ചോദിച്ചു.
"അല്ലയോ ദ്വാരപാലകാ, ഇതുവഴി പോയാല്‍ സ്വപ്നഭൂമിയിലേയ്ക്കെത്താമോ?”
തന്റെ പ്രവര്‍ത്തിയില്‍നിന്നും തെല്ലും ശ്രദ്ധ തെറ്റിയ്ക്കാതെത്തന്നെ ദ്വാരപാലകന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
"അറിയില്ല. ഈ ടോള്‍പ്ലാസയിലൂടെ വാഹനങ്ങള്‍ മാത്രമേ കടന്നുപോകാറുള്ളൂ."
കിഴവന്‍ വീണ്ടും ഒച്ചയുയര്‍ത്തി ചോദിച്ചു.
"സഹോദരാ, സ്വപ്നഭൂമിയിലേയ്ക്കുള്ള വഴിയൊന്നു പറഞ്ഞു തരാമോ? വര്‍ഷങ്ങളനവധിയായി ഈ യാത്ര തുടങ്ങിയിട്ട്. ഞാനാകെ തളര്‍ന്നിരിയ്ക്കുന്നു. പോരാത്തതിന് വലിച്ചാല്‍ നീങ്ങാത്ത എന്റെയീ കാലുകളും. മരിയ്ക്കുന്നതിനുമുമ്പ് സ്വപ്നഭൂമിയിലേയ്ക്കെത്തുവാന്‍ താങ്കളെങ്കിലും എന്നെയൊന്ന് സഹായിയ്ക്കുമോ?"
ദ്വാരപാലകന്‍ ഒന്നും പറഞ്ഞില്ല.
ഇരമ്പിപ്പായുന്ന വാഹനസമുഛയത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ കിഴവന്റെ ശബ്ദം തീര്‍ത്തും ദുര്‍ബ്ബലമായിരുന്നു.
വാഹനങ്ങളുടെ നീണ്ട നിര ഒഴുകി ദൂരെ ഇരുളിന്റെ പൊട്ടുകളായി മാഞ്ഞുപോയി. ചക്രവാളത്തിന്റെ കറുത്ത തിരശ്ശീലയ്ക്കപ്പുറത്തു നിന്നും അര്‍ദ്ധനഗ്നനായ മറ്റൊരു വൃദ്ധന്‍ ഘനീഭവിച്ച സ്വപ്നങ്ങള്‍ നെഞ്ചില്‍ പേറി ചങ്കു് പൊട്ടിക്കരയുന്നതും, അയാളുടെ ചില്ലുടഞ്ഞ വട്ടക്കണ്ണടയിലൂടെ ചുടുചോര ഉരുകിയിറങ്ങുന്നതും ഒന്നും ആരും കണ്ടില്ല. യന്ത്രമൈനകള്‍ പാടിക്കൊണ്ടേയിരുന്നു. സ്വപ്നഭൂമിയുടെ പാട്ട്.

വിനോദ്